Kerala

മാളുകളിലെ തിയ്യറ്ററുകളിൽ പൊതു വിപണിയെക്കാൾ 5 ഇരട്ടി വില; സംസ്ഥാന വ്യാപകമായി പരിശോധന തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്

കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയിൽ പരിശോധനകൾ തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടത്തും. ഇന്നലെ നടത്തിയ പരിശോധനയിൽ പൊതു വിപണിയെക്കാൾ 5 ഇരട്ടി വിലയിലാണ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അൺപാക്ട് ഫുഡ് ഗണത്തിൽ വരുന്നവയിൽ ഇടപെടാൻ ലീഗൽ മെട്രോളജി വകുപ്പിന് കഴിയില്ല. കൃത്യമായി വിലവിവരം പ്രദർശിപ്പിക്കാത്ത മൾട്ടിപ്ലക്സുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വില സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. നിയമനിർമ്മാണം ഉണ്ടായാൽ മാത്രമേ മൾട്ടിപ്ലക്സുകളിലെ വില നിയന്ത്രിക്കാൻ കഴിയൂ.

ലീഗൽ മെട്രോളജി വകുപ്പ് കൊച്ചിയിലെയും തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലെയും തിയേറ്ററുകളിലാണ് വെള്ളിയാഴ്ച സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മിന്നൽ പരിശോധനകൾ നടത്തിയത്. നിശ്ചിത അളവിൽ കുറവ് വരുത്തൽ, വിപണിവിലയേക്കാൾ ഉയർന്ന തുക ഈടാക്കൽ, ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനായിരുന്നു പരിശോധന. ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം ചൂഷണങ്ങൾ തടയുന്നതിനാണ് ഈ നടപടിയെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസിൽ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. അതിനിടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. പാർക്കിങ് സൗകര്യം, ശുചിത്വം, സുരക്ഷ, മാലിന്യനിർമാർജനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ലൈസൻസ് നൽകുന്നതു കോർപറേഷനാണ്. അതു സംബന്ധിച്ച ചർച്ചകളിൽ പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും മേയർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button