
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആർസി ബുക്ക് മാതാവിന്റെ പേരിലാണ്. സുഹൈൽ അവസാനമായി നടത്തിയ ഫോൺ കോളിൽ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. കേസിൽ സുഹൈലിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയേക്കും.
തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെളിവെടുപ്പും പൊലീസ് കസ്റ്റഡിയും പൂർത്തിയായെന്നും പ്രതിയെ തുടർന്നും റിമാൻഡിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് കുറ്റകരമായ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.



