
ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട്:
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
25/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ശനിയാഴ്ച) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.