
പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്, സസ്പെൻഷനിൽ കഴിയുന്ന കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഇന്ന് പരിഗണനയ്ക്ക് വരുമെന്ന പ്രതീക്ഷ.
അതേസമയം, സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. പിജി രണ്ടാം വർഷ വിദ്യാർഥി അർച്ചന, ഗവേഷക വിദ്യാർഥികളായ അശ്വന്ത്, ആദർശ് എന്നിവരാണ് കഴിഞ്ഞ ആഴ്ച മുതൽ സർവകലാശാല കവാടത്തിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്നത്.
രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് സമരത്തിന് ഐക്യദാർഢ്യവുമായി ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കെ കെ ശെെലജ ഉൾപ്പെടെ നിരവധി നേതാക്കൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിയിരുന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും ഇന്നലെ സമരപ്പന്തലിൽ എത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.



