
ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേര്‍ത്തു.
സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ദ്വാരപാലക ശില്‍പ്പങ്ങള്‍ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വര്‍ണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേല്‍ശാന്തി, വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയപ്പോള്‍ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലന്‍സ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.