
മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ റിപ്പോട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. നാലുമാസത്തേക്കാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. (High Court extends stay on taking action on SFIO report CMRL)
മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തുടര്‍നടപടികള്‍ രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കൂടി ഉള്‍പ്പെട്ട കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം കോടതി പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത് ചോദ്യം ചെയ്തുകൊണ്ട് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒ നല്‍കിയത് ഒരു റിപ്പോര്‍ട്ടാണെന്നും അത് പൊലീസ് കുറ്റപത്രത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
എതിര്‍കക്ഷികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നാണ് സിഎംആര്‍എല്‍ കോടതിയോട് അപേക്ഷിച്ചത്. ഈ വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് തുടര്‍നടപടി സ്വീകരിക്കുന്നത് കോടതി രണ്ട് മാസത്തേക്ക് വിലക്കിയത്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കോടതി ഇന്ന് വിലക്ക് നാലുമാസം കൂടി നീട്ടുകയായിരുന്നു.