വിദ്വേഷ പരാമർശ കേസ്; പിസി ജോർജിന് മുൻകൂർ ജാമ്യമില്ല
കൊച്ചി: വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കടതി തള്ളി. നേരത്തേ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിന് ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യാപേക്ഷ പരിഗമിച്ചത്.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ, നിരന്തരം അബദ്ധങ്ങളാണ്, അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ പിസി ജോർജിന് സംഭവിക്കുന്നതെന്ന് ഹൈക്കോടതി പരാമർശിച്ചു. നേരത്തെയും പിസി ജോർജിനെതിരെ തിരുവനന്തപുരത്ത് സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്ന് ജാമ്യത്തിലിറങ്ങിയയ ശേഷം വീണ്ടും കുറ്റം ആവർത്തിച്ചത് ഗുരുതര പ്രശ്‌നമായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചർച്ചയ്‌ക്കിടെ പറഞ്ഞതാണ്.
തൊട്ടടുത്ത നിമിഷം തന്നെ മാപ്പ് പറഞ്ഞുവെന്നും പിസി ജോർജ് അറിയിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു.ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.