Four viral stories by Shambhu Mohan

ലഹരി വിരുദ്ധ പ്രചാരകൻ
ഗാന്ധി തത്വചിന്താ പ്രഭാഷകൻ
പൈതൃക – പ്രകൃതി സംരക്ഷണ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന
ശംഭു മോഹൻ്റെ
സോഷ്യൽ മീഡിയയിൽ വൈറലായ നാല് കഥകൾ.
1, യോഗം
======
പതിവുപോലെ രാവിലെ വജ്രാസനത്തിലിരുന്ന് ബസ്ത്റിക ചെയ്തു. നടുവേദനയ്ക്കും, നാൾക്കുനാൾ പുഷ്ടി പ്രാപിക്കുന്ന കുടവണ്ടിയ്ക്കും പണികൊടുക്കാനുള്ള ചില യോഗാസനങ്ങളും പൂർത്തിയാക്കി. അല്പനേരം ശവാസനവും കഴിഞ്ഞു എഴുന്നേറ്റു. ഉച്ചിമുതൽ, ഉള്ളംകാൽ വരെ പ്രഭാതത്തിലെ ശുദ്ധമായ ഓക്സിജൻെറ സാന്നിധ്യമുറപ്പാക്കി, അയാൾ റെഡിയായി.
യോഗദിനം പ്രമാണിച്ചു, മകനെ രാവിലെസ്കൂളിലെ ‘യോഗ’ പ്രോഗ്രാമിനെത്തിക്കണം . സ്റ്റാർട്ടാവുന്ന കാര്യത്തിൽ , പിണക്കം പതിവാക്കിയിട്ടുള്ള പഴയ കാറിനെ ഒരു യോഗിയുടെ അവധാനതയോടെ മെരുക്കി യെടുത്ത് ഓടിച്ചു മോനെ സ്കൂളിൽ കൊണ്ടു ചെന്നു വിട്ടു.
അബൂക്കയുടെ കടയിൽ കയറി , മീഡിയം ചായയ്ക്കായി .
ചായ ഊതി കുടിയ്ക്കവേ ആ കാഴ്ച കണ്ടു
മരത്തീന്ന് വീണു മരിച്ച സുകൂൻെറ മോൻ കടയുടെ ഒരുവശത്തായി അടുക്കിയിരിക്കുന്ന വിറകുമുട്ടികളൊന്നൊന്നായി കീറിയടുക്കുന്നു.
അയാളുടെ നോട്ടത്തിന്റെ അർത്ഥമറിഞ്ഞ അബൂക്ക പറഞ്ഞു. “പതിവായി ഇവൻ രാവിലെ ആറുമണിക്ക് വരും ഒമ്പതുവരെ വിറക് കീറും എന്നിട്ടാ സ്കൂളിൽ പോണത്.
“സുകു മരിച്ചശേഷം ആ കുടുംബം കഴിഞ്ഞു പോകുന്നത് ഇവനെ കൊണ്ടാണ്. അച്ഛൻെറ പണി മോൻ ഏറ്റെടുത്തു. നാലു വയറുകൾ നിയ്ക്കണ്ടേ? പത്താംക്ലാസിൽ പഠിക്കുന്ന പയ്യനാ, പഠിത്തത്തിലും മിടുക്കനാണെന്നാ സ്കൂളിലെ മാഷമ്മാരും പറേണത്”.
ചായ കുടിച്ചു തീർത്ത് പൈസയും കൊടുത്തിട്ട് കടയിൽ നിന്നിറങ്ങി,
വയറു കുറയ്ക്കാൻ ചെയ്യുന്ന യോഗയേയും വയറു നിറയ്ക്കാനുള്ള യോഗത്തെയും കുറിച്ച് ആലോചിച്ചു കൊണ്ട് അയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.
2, സ്വപ്നവ്യാപാരി
=============
കടയ്ക്ക് താഴിട്ടു. കലപില കൂട്ടിയ താക്കോൽ കൂട്ടത്തെ മടിയിൽ തിരുകി , തിരിഞ്ഞു നോക്കാതെ അയാൾ നടന്നുതുടങ്ങി, കച്ചവടം തനിക്ക് പറ്റിയ പണിയല്ലെന്നും, അതിൻെറ മർമ്മവും മനശാസ്ത്രവും തനിക്കറിയില്ലെന്നുമുള്ള തിരിച്ചറിവോടെ…..
സ്വപ്നങ്ങളുടെ വ്യാപാരം
നഷ്ടകച്ചവടമാകുമെന്നയാൾക്കറിയില്ലായിരുന്നു . നിറമാർന്ന സ്വപ്‌നങ്ങൾ എത്ര വേഗമാണ് വിറ്റുപോയത് ?
എന്നാൽ
വാങ്ങിയവരോരുത്തരും അവ തിരികെയേല്പിക്കാനും നാളുകൾ വേണ്ടി വന്നില്ല , അവ പെട്ടെന്ന് നിറം മങ്ങുന്നത്രേ,
തിരിച്ചെടുത്ത, ആവശ്യക്കാരില്ലാത്ത,നിറംമങ്ങിയ, സ്വപ്നങ്ങളാൽ കടനിറഞ്ഞു. കച്ചവടം പൊളിഞ്ഞു.
3, സമാധാനത്തിന്റെ പ്രാവുകൾ
——————————————-
മറവി ഒരു അനുഗ്രഹമാണത്രേ!
മാൻഹട്ടൻപ്രോജക്ടിനെമറന്നു ,
ഓപ്പൺ ഹീമറുടെ വിലാപത്തേയും.
ഹിരോഷിമയെ ഉരുക്കിയൊലിപ്പിച്ച ലിറ്റിൽ ബോയ് യുടെയും നാഗസാക്കിയിൽ നൃശംസനൃത്തമാടിയ ഫാറ്റ്മാന്റെയും ഓർമ്മകൾ പാഠപുസ്തകങ്ങളിൽ മാത്രമായൊതുങ്ങി .
മിസൗറി യിലൂടെയും മിസിസിപ്പിയിലൂടെയും ഗാലൻ കണക്കിന് വെള്ളമൊഴുകി അറ്റ്ലാൻറിക്കിലെത്തി.
സമാധാനത്തിന്റെ ദത്തുപുത്രൻമാർ പലവുരു ജനിച്ചു മരിച്ചു . അജപാലകർ ആശ്വാസത്തോടെ അരമനകളിലുറങ്ങി .
വെളുക്കെ ചിരിക്കലും ഹസ്തദാനങ്ങളും നിർലോഭം.
സമാധാന കരാറിലെ കൈയ്യൊപ്പു മഷിയുണങ്ങുമ്മുമ്പേ വെടിപൊട്ടി.
അനന്തരം വീണത് സമാധാനത്തിന്റെ കൊടിപ്പടം.
ഭീകരവാദത്തിനെതിരെ പ്രതിജ്ഞാ വാചകങ്ങൾ പുതുക്കിയ മിസ്റ്റർ പ്രസിഡന്റ് ആത്മവിശ്വാസത്തിന്റെ ശരീരഭാഷ പ്രകടിപ്പിച്ചു ഡയസിലെത്തി.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ നീലാകാശത്തേക്ക് പറത്തി .
അധികം പറക്കാനാകാതെ അവ താഴേക്ക് വീണുപോയെന്ന് . ചിറകുകൾ ചോരയിൽ കുതിർന്നു പോയിരുന്നത്രേ .
4, മട്ടൻ ബിരിയാണി…
…………………..
എല്ലാവർഷത്തേയും പോലെ ഇക്കുറിയും അമേരിക്കയിൽ നിന്ന് തോമസുകുട്ടി എന്ന തോമാച്ചായൻ നാട്ടിലെത്തിയത് പതിറ്റാണ്ടുകൾക്ക് മുന്നേ മരിച്ചു പോയ അയാളുടെ അമ്മച്ചിയുടെ ഓർമ്മദിവസം ആചരിക്കാനാണത്രേ..
അച്ചായന്റെ മേൽനോട്ടത്തിൽ തന്നെ വൃദ്ധസദനത്തിലെ ബിരിയാണി വിതരണം ഭംഗിയാക്കി.
മൂന്നാൾക്ക് കഴിക്കാനാവുന്നത്ര മൂക്കുമുട്ടേ….തട്ടിയിട്ട് , ഇത്തവണത്തെ മട്ടൻബിരിയാണി കഴിഞ്ഞവർഷത്തേതിലും മോശമായിരുന്നെന്ന് അർദ്ധശങ്കയ്ക്കിട നല്കാതെ അന്തേവാസികളിൽ
‘ദ സീനിയർ മോസ്റ്റായ’ രാജമ്മ ചേച്ചി പ്രഖ്യാപനം നടത്തി.
തോമാച്ചായന്റെ 95 കഴിഞ്ഞ അപ്പനും അർബുദം ബാധിച്ചു കിടക്കുന്ന ഭാര്യയും മരണാസന്നരാണെന്നറിഞ്ഞപ്പോൾ ഉടനടി കിട്ടാനിടയുള്ള രണ്ടു മട്ടൻ ബിരിയാണികളെയോർത്ത് രാജമ്മേച്ചി ഉൾപുളകം കൊണ്ടു.
ഇവിടുത്തെ രജിസ്റ്ററിലെ പേരുകാരിയായിട്ട് വർഷം കുറച്ചായെങ്കിലും ,
രീതികളോട് ഇപ്പോഴും പൊരുത്തപ്പെടാത്ത റോസ്സമ്മ പതിവുപോലെ വരാന്തയിലെ ചാരു ബഞ്ചിലിരുന്ന് ഭൂതകാലത്തിലെ ഗരിമയുള്ള ഓർമ്മകളിൽ അഭിരമിച്ചു തുടങ്ങി.ഒപ്പമവർ ഹൃദ്യമായ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു.
തന്നെ ഇവിടെ ഉപേക്ഷിച്ചു പോയ സ്വന്തം മകനോട് രൂപസാദൃശ്യമുള്ള തോമസുകുട്ടി വൃദ്ധസദനത്തിൽ നിന്ന് കാറിലേക്ക് കയറവേ ” അമ്മേ എന്റെ കൂടെ പോരുന്നോ ” എന്ന ചോദ്യമെറിയുന്നതോടൊപ്പം തന്നെയും കാറിന്നുള്ളിലേക്ക് കയറ്റിയിരുത്തുന്നതായും , തന്നെ മൂടിയ അനാഥത്വത്തിന്റെ കരിമ്പടം അഴിഞ്ഞു വീഴുന്നതായും.
അങ്ങനെയായിരിന്നിരിക്കണം.. ഒരു പക്ഷേ… ആ സ്വപ്നം .