ഹജ്ജ് തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു. ഫ്ലൈനാസ് എയർവേയ്‌സിൻ്റെ വിമാനം ഉച്ചയ്ക്ക് 2.10 നാണ് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. 430 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. 216 പുരുഷന്മാരും 214 വനിതകളും ആണ് ഉണ്ടായിരുന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ സി. ഷാനവാസ്, ഡെപ്യൂട്ടി സിഇഒ മുഹമ്മദ് നിയാസ് അഹമ്മദ്, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി. മനു തുടങ്ങിയവർ പങ്കെടുത്തു. നാളെ രണ്ട് സർവീസുകളാണ് ഉണ്ടാവുക. ആദ്യ വിമാനം രാവിലെ 8-നും രണ്ടാമത്തെ വിമാനം രാത്രി 11-നും പുറപ്പെടും. ശനിയാഴ്ച 3 സർവീസുകളുണ്ടാകും. പുലർച്ചെ 2.45-നും രാത്രി 7.30-നും 10.10-നും. ഈ മാസം 19-നാണ് കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വിമാന സർവീസുകൾ പൂർത്തിയാവുക.


