News

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സിപിഎമ്മി്‍റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് 

മലപ്പുറം: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സിപിഎമ്മി്‍റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാരണം കാലങ്ങളായി ബിജെപിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവഫാസിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സിപിഎം കണ്ടുപിടിച്ചിരിക്കുന്നത്. 

ഫാസിസവുമായി എല്ലാ കാലത്തും കേരളത്തിലെ സിപിഎം സന്ധി ചെയ്തിട്ടുണ്ട്. സംഘ പരിവാറുമായും സന്ധി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഫാസിറ്റ് സര്‍ക്കാരല്ലെന്ന പുതിയ രേഖ അവതരിപ്പിച്ചിരിക്കുന്നത്. മോദിയുമായി കൈകോര്‍ക്കാനും സംഘ പരിവാറുമായി സന്ധി ചെയ്യാനും അവര്‍ക്ക് കീഴടങ്ങാനുമുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമാണിത്. 

കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത്തരമൊരു രേഖ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയതും അവരാണ് സംഘ പരിവാറിന്‍റെ ബാന്ധവം ആഗ്രഹിക്കുന്നതും. അതിന്‍റെ പരിണിതഫലമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന് തീരുമാനിച്ചത്. ഇടതു മുന്നണിയില്‍ ഉള്‍പ്പെട്ട സിപിഐയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും അതിശക്തമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെന്നാണ് പറയുന്നത്. 

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന, ഇന്ത്യ മുന്നണിയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ കണ്ടുപിടുത്തം സംഘ പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള തീരുമനത്തിന്റെ ഭാഗവും സംഘ പരിവാറിന് സിപിഎം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ്. എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് രേഖ തയാറാക്കിയത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണോ അല്ലയോ എന്നാണോ സിപിഎം സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സംഘ പരിവാറുമായി സിപിഎം പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണ്. 

ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എളമരം കരീമിന്റെ നേതൃത്വത്തില്‍ സിഐടിയു സമരം ചെയ്തപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു അരാഷ്ട്രീയവുമില്ല. രാഷ്ട്രീയക്കാരായ ഞങ്ങള്‍ കൂടി പിന്തുണയ്ക്കുന്ന സമരമാണ്. അവിടെ സമരം ചെയ്യുന്നവരെല്ലാം ആശ വര്‍ക്കര്‍മാരാണ്. കേരളത്തില്‍ എവിടെ ചെന്നാലും ആശ വര്‍ക്കര്‍മാര്‍ കരഞ്ഞുകൊണ്ടാണ് സങ്കടങ്ങള്‍ പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം പണി ചെയ്താല്‍ മതിയെന്നു പറഞ്ഞ് 7000 രൂപ ഓണറേറിയത്തിന് തുടങ്ങിയ ആശ വര്‍ക്കര്‍മാരുടെ ജോലി പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ചെയ്താലും തീരാത്ത അവസ്ഥയാണെന്നും സതീശൻ പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button