
എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനാണ് അന്വേഷണ ചുമതല.
നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷിക്കുക. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തുകയും ചെയ്തു. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന്‍ ആണ് ഒന്നാംപ്രതി. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. എന്നാല്‍, മുന്‍പ് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ രാഹുലിനെതിരായ ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.