KeralaNews

വീണാ വിജയന്റെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം.

വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം പിഎംഎൽഎ കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണാ വിജയനെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇതിനു മുന്നോടിയായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് മൊഴിയെടുക്കും. അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരായ നരുവാംമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു ജില്ലയില്‍ നിന്നും ഒരാളെ കൂടി പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇ ഡി സംഘത്തിനു നേര്‍ക്കുണ്ടായ ആക്രണം പെട്ടെന്നുണ്ടായതല്ലെന്നും ആസൂത്രിതമെന്നുമാണ് ഇഡി ആരോപിക്കുന്നത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ, ഇഷ്ടികകളും ഇരുമ്പു വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നും ഇഡി പറയുന്നു. മൂന്നു കാറുകളാണ് ആക്രമണത്തിന് ഇരയായത്. ഒരു കാര്‍ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്നും, സിആര്‍പിഎഫ് അംഗങ്ങള്‍ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ലെന്നും ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button