
സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി.
കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ ആയുധമാക്കുകയാണ്. കോടതി ഉത്തരവിന്റെ മറവിൽ ഉറപ്പുകളിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ല. സർക്കാർ നൽകിയ ഉറപ്പുകൾ സുപ്രീം കോടതിയെ അറിയിച്ച് സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ നീക്കത്തിനെതിരെ സിജെപി പ്രതിഷേധം അറിയിച്ചു. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിന് സിജെപി പിന്തുണ അറിയിച്ചു. സിജെപി വക്താക്കൾ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം സജിയുമായി സംസാരിച്ചു. ഡല്‍ഹി എകെജി സെന്ററിലെത്തിയായിരുന്നു അറസ്റ്റിന് നീക്കം. സിവില്‍ വേഷത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സിപിഐഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്.
എന്നാല്‍, യൂണിഫോമും ബാഡ്ജും ഇല്ലാതെ എത്തിയതിനെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം ഇടാഞ്ഞത് മഴ കാരണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാനിവിടെ ഉണ്ടാകുമെന്ന് ബ്രിട്ടാസും പ്രതികരിച്ചതോടെ പൊലീസ് സംഘം പിന്തിരിയുകയായിരുന്നു.
2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.



