News

തരൂരിനെ ബിജെപി റാഞ്ചുമോ? കേന്ദ്രമന്ത്രി പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ, വിവാദങ്ങൾക്കിടെ പുതിയ ചിത്രം

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ. ബ്രിട്ടന്റെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിനും ഒപ്പം ഇരുവരും നിൽക്കുന്ന ചിത്രമാണ് ശശി തരൂർ എക്സിൽ പങ്കുവച്ചത്. കോൺഗ്രസുമായി ശശി തരൂർ അകൽച്ചയിലേക്ക് പോകുകയാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാവുമായുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഇന്ത്യ-യുകെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ജോനാഥൻ റെയ്‌നോൾഡ്സും ഉൾപ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോൺഗ്രസിനുള്ളിൽ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി. ചിത്രത്തിൽ മൂവരും പുഞ്ചിരിച്ചുകൊണ്ടാണ് നിൽക്കുന്നത്. ‘ബ്രിട്ടന്റെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സുമായി വാണിജ്യ വ്യവസായ മന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പം ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ സന്തോഷം. ദീർഘകാലമായി സ്തംഭിച്ചുകിടന്ന എഫ്ടിഎ ചർച്ചകൾ പുനരുജ്ജീവിപ്പിച്ചു, ഇത് ഏറ്റവും സ്വാഗതാർഹമാണ്’- തരൂർ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാഹുൽ ഗാന്ധിയോട് പാർട്ടിയിലെ തന്റെ പങ്ക് വ്യക്തമായി നിർവചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെ, കോൺഗ്രസിനുള്ളിൽ അദ്ദേഹത്തോടുള്ള അതൃപ്തി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി മന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചത്. ഇന്ത്യൻ എക്സ്പ്രസിന് ശശി തരൂർ നൽകിയ അഭിമുഖവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിന് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിട്ടേക്കും. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഡോ. പി. സരിനെ സ്ഥാനാർത്ഥിയാക്കുകയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന നേതാവ് കെവി തോമസിനെ അടർത്തിയെടുക്കുകയും ചെയ്ത സിപിഎം തരൂരിനെയും ഉന്നം വയ്ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ മൂർച്ചയുള്ള ആയുധമാണ് തരൂരെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. ബിജെപി റാഞ്ചുമോ എന്ന ആശങ്കയുമുണ്ട്. തരൂരിന് നേരിട്ട് അണികളെ വശത്താക്കാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നില്ല. പക്ഷേ തരൂരിനെ ആയുധമാക്കി സിപിഎം ആക്രമണം കടുപ്പിച്ചാൽ അവർക്ക് വോട്ടർമാരുടെ വിശ്വാസം ആർജിക്കാനും കോൺഗ്രസിന്റെ വീര്യം ചോർത്താനും കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button