
അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂർ കസ്റ്റഡിയാണ് കോടതി എക്സൈസിന് അനുവദിച്ചത്. കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ വെച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചിരുന്നു. നാല് മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷമാണ് ആന്റോയെ മീനങ്ങാടി എക്സൈസ് ഓഫീസിലെത്തിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആൻ്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.
പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം, മദ്യം എത്തിച്ചതിലും സൂക്ഷിക്കുന്നതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യാജ മദ്യ നിർമ്മാണത്തിനുള്ള പദാർത്ഥങ്ങൾ എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ നിരവധി കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കെട്ടിടത്തിൽ മദ്യം പിടിച്ചെടുത്ത രണ്ടാം നിലയിൽ സമാന്തര ബാർ സംവിധാനം ഒരുക്കിയതാണോ പ്രതി എന്നതിൽ സംശയമുണ്ടെന്നും എക്സൈസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ മദ്യം എങ്ങനെ എത്തി എന്നുള്ളതും കെട്ടിടത്തിലെ മുറികളെ കുറിച്ച് അറിയില്ലെന്നും ആൻ്റോ തെളിവെടുപ്പിനിടയിലും അന്വേഷണസംഘത്തോട് പറഞ്ഞത്. കെട്ടിടം ആൻ്റോയുടേത് തന്നെയെന്ന് തെളിയിക്കുന്ന, തങ്ങളുടെ രേഖകളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് എക്സൈസ് സംഘത്തിൻറെ അന്വേഷണം. അതേസമയം, കേസ് ഹൈക്കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.



