News

തലസ്ഥാന ന​ഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ ​സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു. ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. അഫാന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

”വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ല. സൗദി അറേബ്യയിലെ ദമാമിലാണ് ഉള്ളത്. വിസ പ്രശ്നമുണ്ട്. പിന്നെ കുറച്ച് സാമ്പത്തിക ബാധ്യതയുമുണ്ട്. അതാണ് വിഷയമായിട്ടുള്ളത്. രണ്ടര വർഷമായി വിസയില്ലാതെ നിൽക്കുകയാണ്. എല്ലാ സഹായവും നൽകി സാമൂഹ്യപ്രവർത്തകർ ഒപ്പമുണ്ട്.”

അതേ സമയം അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button