മദ്യം വാങ്ങാന്‍ പോകാന്‍ ബൈക്ക് നല്‍കിയില്ല; യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു
അമ്പലപ്പുഴ: മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്ലെറ്റില് പോകാന്‍ ബൈക്ക് നല്‍കാത്തതിന് യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കത്തികൊണ്ട് കൈയില്‍ കുത്തുകയും ചെയ്തു. പടഹാരത്ത് തച്ചംപിള്ളി എന്ന പേരില്‍ സ്റ്റേഷനറിക്കട നടത്തുന്ന അജയകുമാറാണ് ആക്രമണത്തിനിരയായത്.രണ്ടുദിവസം മുമ്പ് രണ്ടുപേര്‍ കടയിലെത്തി ബിവറേജസില്‍ പോകാന്‍ തന്റെ ബൈക്ക് ചോദിച്ചിരുന്നതായി അജയകുമാര്‍ പറഞ്ഞു. ഇതിലൊരാളെ അറിയാമായിരുന്നെങ്കിലും ബൈക്ക് നല്‍കിയില്ല. കഴിഞ്ഞദിവസം വൈകിട്ട് ഇതിലൊരാളും മറ്റൊരു യുവാവും കൂടി ബൈക്കില്‍ വന്ന് 500 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്നും പകരം കറന്‍സിയായി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ ഗൂഗിള്‍ പേ സംവിധാനമില്ലെന്നു പറഞ്ഞതോടെ യുവാക്കള്‍ കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അജയകുമാറിന്റെ തലയ്ക്കടിക്കുകയും കത്തികൊണ്ട് കൈയില്‍ കുത്തുകയുമായിരുന്നു. ബോധരഹിതനായ അജയകുമാറിനെ ഭാര്യ സീനയും മറ്റുള്ളവരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജയകുമാറിന്റെ തലയില്‍ ആറും കൈയില്‍ മൂന്നും കുത്തിക്കെട്ടുണ്ട്.അക്രമികള്‍ കടയിലെ പ്ലാസ്റ്റിക് സാധനങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് കടയില്‍നിന്ന് 4000 രൂപയും അജയകുമാറിന്റെ 22,000 രൂപ വിലവരുന്ന ഫോണും തട്ടിയെടുത്ത ശേഷം ബൈക്ക് കടയുടെ സമീപം ഉപേക്ഷിച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.അജയകുമാറും വ്യാപാരി വ്യവസായി ഏകോപന സമിതി തകഴി യൂണിറ്റ് ഭാരവാഹികളും അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.