ലൗ ജിഹാദ് ആരോപണം ഭയന്നെത്തിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക്കേരളത്തില്‍ മാംഗല്യം
കായംകുളം: ലൗ ജിഹാദ് ആരോപണം ഭയന്ന് കേരളത്തില്‍ അഭയം തേടിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് ആഗ്രഹസാഫല്യം. ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശാ വര്‍മ്മയുമാണ് കായംകുളത്തു വിവാഹിതരായത്. കഴിഞ്ഞ 11 നാണ് ഇരുവരും ഇസ്ലാം മത വിശ്വാസപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഝാര്‍ഖണ്ഡില്‍ വധഭീഷണി ഉണ്ടായെന്നും ഇതു ഭയന്നാണു കേരളത്തിലെത്തിയതെന്നും ഇവര്‍ പറയുന്നു. ബന്ധുക്കള്‍ ഝാര്‍ഖണ്ഡില്‍നിന്നുള്ള പോലീസുകാര്‍ക്കൊപ്പം കായംകുളത്തെത്തി തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.
ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും പത്തുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മറ്റൊരാളുമായി കുടുംബാംഗങ്ങള്‍ ആശയുടെ വിവാഹം ഉറപ്പിച്ചു. വിദേശത്തായിരുന്ന മുഹമ്മദ് ഗാലിബ് ഇതറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. വ്യത്യസ്ത മതസ്ഥരായതിനാല്‍ ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തിനു സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം ഉയരുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു.
ഇതിനിടെ മുഹമ്മദ് ഗാലിബിനൊപ്പം ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കായംകുളം സ്വദേശി കേരളത്തിലെത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചതാണു വഴിത്തിരിവായത്. ഫെബ്രുവരി ഒമ്പതിനു കേരളത്തിലെത്തിയ ഇരുവരും സംരക്ഷണം തേടി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് 11 ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അതേസമയം ആശ വര്‍മ്മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയെന്ന ബന്ധുക്കളുടെ പരാതിയില്‍ ചിത്തപ്പൂര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെ നിയമപരമായി നേരിടാനാണു ദമ്പതികളുടെ തീരുമാനം.