ഒമ്പത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ആശുപത്രിയിലായി റോബിൻ; സുഹൃത്തുക്കള്‍ക്ക് പരിക്ക്
ബിഗ്ബോസ്‍ താരമായ റോബിൻ രാധാകൃഷ്ണന്റെയും സോഷ്യൽ മീഡിയ താരവും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹമാമാങ്കങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളായിരുന്നു ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ, മറ്റൊരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്റെ ആരാധകർ. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോബിന്റെ സുഹൃത്തുക്കൾ പരിക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എല്ലാവർക്കും എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ പറയുന്നുമില്ല.
വിവാഹത്തിനുള്ള ഒരുക്കങ്ങളും ആഘോഷങ്ങളിലെ പ്രധാനപ്പെട്ട നിമിഷങ്ങളുമെല്ലാം കോർത്തിണക്കിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്ത് പരിക്കേറ്റ് കിടക്കുന്ന റോബിന്റെ സുഹൃത്തുക്കളെയാണ് കാണുന്നത്.
റോബിനും ആരതിയും ഇവരെ സന്ദർശിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഏറ്റവുമൊടുവിൽ റോബിൻ ഡ്രിപ് ഇട്ടു കിടക്കുന്നതും കാണാം. ഫാഹിസ് ബിൻ എന്നയാളാണ് റോബിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോബിന് എന്ത് പറ്റിയെന്നുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിഗ് ബോസിൽ ഏറ്റവും പ്രശസ്തി നേടിയ മൽസരാർത്ഥികളിൽ ഒരാളാണ് ഡോ. റോബിൻ രാധാകൃഷ്‌ണൻ. ഷോയിൽ കഴിഞ്ഞതിനു ശേഷവും റോബിൻ സമൂഹ മാധ്യമങ്ങളിൽ താരമായി തിളങ്ങി നിന്നിരുന്നു. അതിനിടെയാണ് അവതാരകയും സംരഭകയുമായ ആരതി പൊടിയെ കണ്ടു മുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ഫെബ്രുവരി 16 ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഒൻപതു ദിവസത്തെ ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടത്തിയത്. ആഘോഷങ്ങളെല്ലാം പ്ലാൻ ചെയ്തത് ആരതിയാണെന്നും റോബിൻ പറഞ്ഞിരുന്നു.