News

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ.
പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ കൺക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലഹരി ഉപയോഗിച്ചതിൽ വ്യക്തതയില്ല. രക്തപരിശോധനാഫലം വന്നശേഷമേ അക്കാര്യത്തിൽ വ്യക്തത വരൂ. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.

ചോദിച്ച സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button