News

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചാണ്.

ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിൾ പരിശോധന ഫലം വന്നാൽ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാവുകയുള്ളൂ. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ആക്രമണം നടത്തിയ ആയുധം കണ്ടെടുത്തു’,​- ഐജി വ്യക്തമാക്കി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാനാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വീടുകളിലായിട്ടായിരുന്നു കൊലപാതകം നടത്തിയത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങിയ അഫാൻ നേരെ സ്വർണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. സ്വർണം പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാൽ അവിടെന്ന് പണം നൽകി. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് പ്രതി സൽമാബീവിയുടെ വീട്ടിലെത്തി കൊല നടത്തിയത്. അവിടെ നിന്ന് മാല കെെക്കലാക്കി ശേഷം വെഞ്ഞാറമൂട് തിരിച്ചെത്തി പണമിടപാട് സ്ഥാപനത്തിൽ മാല ഏൽപ്പിച്ചു.പിന്നീടാണ് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുന്നത്. ശേഷം വീട്ടിലേക്ക് തിരിച്ചെത്തി പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. പിന്നാലെ സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button