‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര പ്രധാനപ്പെട്ടതാണെന്ന്’; മാർക്കോ ട്രോളുകളിൽ ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒടിടി റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിയാസ് ഖാൻ ഉൾപ്പെടുന്ന ആ രംഗങ്ങൾക്ക് ചില കോണുകളിൽ ട്രോളുകൾ വന്നിരുന്നു. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങൾ സിനിമയ്ക്ക് അനുയോജ്യമായിരുന്നില്ല എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
ഇപ്പോൾ ആ ഡിലീറ്റഡ് സീനുമായി ബന്ധപ്പെട്ടുള്ള ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ ഡിലീറ്റഡ് സീനിന്റെ ട്രോളുകളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിന് ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര പ്രധാനപ്പെട്ടതാണെന്ന് താങ്ക് യു ഷമീർ (ഷമീർ മുഹമ്മദ്)’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ആ രംഗങ്ങൾ നല്ലതായിരുന്നു എന്നും നടൻ അഭിപ്രായപ്പെട്ടു.
ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനായിരുന്നു സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്തത്. നായിക യുക്തി തരേജയും സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും തമ്മിൽ ഫൈറ്റും ഈ രംഗത്തിലുണ്ട്.
റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ, ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ അൺകട്ട് വേർഷന് പകരം തിയേറ്റർ പതിപ്പ് തന്നെയാണ് ഒടിടിയിലുമെത്തിയത്. ഇതിന് പിന്നാലെയാണ് റിയാസ് ഖാൻ ഉൾപ്പെടുന്ന സീൻ ‘ഡിലീറ്റഡ് സീൻ’ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഈ രംഗങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെ ഈ ട്രോളുകൾ വന്നിരുന്നു. ‘നന്നായി മോനെ ഈ സീൻ ഡിലീറ്റ് ചെയ്തത്’, ‘ഇത് ഡിലീറ്റ് ചെയ്ത എഡിറ്ററിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ’ എന്നിങ്ങനെ പോകുന്നു ട്രോളുകൾ.
അതേസമയം ചിത്രമിപ്പോൾ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.