
പാലക്കാട് തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദുവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കേസിൽ തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടാകും. കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോൾവർ ആണ് പിടിച്ചെടുത്തത്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്ക് ആണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ കയ്യിൽ തോക്ക് എങ്ങനെ വന്നു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.



