KeralaNews

സെന്‍സര്‍ ബോര്‍ഡിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് ഫിലിം ചേംബര്‍

സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍​ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബര്‍. ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലാകുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ച് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 26 നാണ് സെന്‍സര്‍ ബോര്‍ഡ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുന:സംഘടിപ്പിച്ചതിന് പിന്നാലെ ആയിരുന്നു നടപടി. സിനിമകളുടെ പേര് മുന്‍കൂട്ടി അംഗീകരിച്ചതായി കണക്കാക്കാനാവില്ലെന്നും പേര് മാറ്റാന്‍ ബോര്‍‍ഡിന് അധികാരമുണ്ടെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. പരിശോധനാ സമിതിക്കാണ് ഇത് പ്രകാരം പേരില്‍ മാറ്റം വരുത്താന്‍ അധികാരം. ചിത്രങ്ങളുടെ റിലീസ് തീയതി മുന്നില്‍ക്കണ്ട് സർട്ടിഫിക്കേഷൻ വേഗത്തിലാക്കില്ലെന്നും വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. ഈ ഉത്തരവാണ് പുന:പരിശോധിക്കണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമാ നിര്‍മ്മാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതെന്നും ഈ സമയത്ത് ബോര്‍ഡ് പേരുമാറ്റം നിര്‍ദേശിച്ചാല്‍ നിര്‍മ്മാതാക്കള്‍ക്ക് അത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ബോര്‍ഡിന്‍റെ മറ്റ് നാല് നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാക്കളും സെന്‍സര്‍ ബോര്‍ഡും തമ്മില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button