KeralaNews

പാർട്ടിയിൽ സജീവമാകാൻ പി.പി. ദിവ്യയുടെ ശ്രമം; കേന്ദ്രനേതൃത്വത്തിന് കത്തയച്ചു

പാർട്ടിയിൽ സജീവമാകാനുള്ള നീക്കംനടത്തി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഇതിന്റെ ഭാഗമായി സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ദിവ്യ ഫോണിൽ സംസാരിക്കുകയും ചെയ്തു. കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുൻപാണ് ദിവ്യ, പാർട്ടി നേതൃത്വത്തിന് കത്തയച്ചത്.

താൻ പാർട്ടിയിലേക്ക് തിരിച്ചുവരുന്നത് ചില നേതാക്കൾ ഇടപെട്ട് തടസ്സപ്പെടുത്തുന്നെന്ന് കത്തിൽ ദിവ്യ ആരോപിക്കുന്നു. തന്റെ പേരിലുള്ള കേസും നടപടികളും ചൂണ്ടിക്കാണിച്ച് പാർട്ടിയിലേക്കുള്ള മടങ്ങിവരവ് അവർ തടയുകയാണ്. തനിക്ക് മാത്രമല്ല, മറ്റ് പലർക്കും ഇത്തരത്തിൽ കേസുകളും മറ്റുമുണ്ട്. എന്നാൽ, തന്നോട് വിവേചനപരമായാണ് പെരുമാറുന്നതെന്നാണ് കത്തിൽ ദിവ്യ പറയുന്നത്.എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യക്ക് രാജിവെക്കേണ്ടിവന്നിരുന്നു. മാത്രമല്ല, അവർക്കെതിരേ പാർട്ടി കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും പാർട്ടിയുടെ എല്ലാ പദവികളിൽനിന്നും നീക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം നടന്ന സിപിഎം കണ്ണൂർ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കും എന്നായിരുന്നു ദിവ്യയുടെ പ്രതീക്ഷ. എന്നാൽ, ഇത് നടന്നില്ല. ഇനി നടക്കാനുള്ളത് വിപുലീകൃത ഏരിയാ കമ്മിറ്റി യോഗങ്ങളാണ്. അടുത്തയാഴ്ച മുതലാണ് ഇവ നടക്കുക. ഒരുപക്ഷേ, അതിലേക്ക് ദിവ്യ ക്ഷണിക്കപ്പെട്ടേക്കാം. ദിവ്യയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു വിഭാഗവും അതിനെ എതിർക്കുന്ന മറ്റൊരു വിഭാഗവുമുണ്ടെന്നാണ് ഇപ്പോഴത്തെ നടപടികൾ നൽകുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button