KeralaNews

തപാലിലല്ല, പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി; മാസപ്പടി കേസിൽ വെള്ളിയാഴ്ച ഹാജരാകണം

മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.

അതേസമയം ഇ ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇ ഡിക്ക് മറുപടി നൽകിയേക്കും. ഇതിനിടയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാൽ ഇ ഡിക്ക് മുമ്പിൽ ഉടൻ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തിൽ ഇ ഡിയുടെ ഊന്നൽ.

നിയമസഭാ സമ്മേളനം 29 -ാം തീയതി വരെ നീളുന്നതിനാൽ പ്രതിപക്ഷ നേതാവിന് പങ്കെടുക്കണമെന്ന് ഇ ഡി അറിയിക്കാനാണ് പിണറായിയുടെ നീക്കം. ഹൈക്കോടതി വിധികളും എഫ് ഐ ആറും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയും പിണറായി ചൂണ്ടികാട്ടും. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അടിയന്തരവാദം കേൾക്കണെന്ന് പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. അവധിയായതിനാൽ 26 വരെ കേസ് കേൾക്കാനാകില്ല. അതിനിടയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ അറിയിച്ചിരുന്നു. പ്രത്യേക ബെഞ്ചില്ലെങ്കിൽ 26 ന് തന്നെ കേസ് പരിഗണിക്കും. 23 ന് ഹാജരാവാതിരിക്കുകയും 26 ന് സ്റ്റേ അനുവദിക്കുകയും ചെയ്താൻ പിണറായി ഉടൻ ഇ ഡിയുടെ ചോദ്യമുനയിലേക്ക് എത്തില്ല. ഇത് കണക്കാക്കിയാണ് നീക്കം. അറസ്റ്റ് കോടതി തടഞ്ഞാലും ആശ്വാസമാകും. സി എം ആർ എൽ – എക്സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ECIR ലെ അന്വേഷണമാണ് പിണറായിലേക്കും മുഹമ്മദ് റിയാസിലേക്കും നീണ്ടത്. പിണറായി ഒന്നാം പ്രതിയായി രജിസ്റ്റർ ചെയ്ത ECIR ലെ അന്വേഷണത്തിലാണ് ഈ ഘട്ടത്തിൽ ഊന്നൽ. പിണറായിക്ക് പുറമേ ഈ കേസിലെ വീണ ടി അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇ ഡിയുടെ ആദ്യ കേസിലെയും പിണറായിക്കെതിരെയുള്ള കേസിലെയും കുറ്റപ്പത്രം ഒന്നിച്ച് സമർപ്പിക്കുന്നതിൽ പിന്നീടായിരിക്കും തീരുമാനം. ഹവാലകടത്തിലാണ് മുഹമ്മദ് റിയാസിനെതിരെയുള്ള ECIR. റിയാസിനുള്ള സമൻസ് ഉടനുണ്ടായേക്കില്ല എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button