
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കായത്. കോൺഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം.
കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിൻ്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിൻ്റെ നടപടി. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷിനെതിരെയുള്ള ദേശീയ തലത്തിലെ പ്രതിഷേധത്തിനിടെയാണ് പുതിയ നീക്കം. വർഷങ്ങൾക്ക് മുമ്പ് തീർപ്പാക്കിയ ഫയൽ ആണ് വീണ്ടും തുറക്കുന്നത്. രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല കേസ് വിവരങ്ങൾ പരിശോധിച്ചിരുന്നു.
കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. മറ്റ് വലിയ നടപടികളിലേക്ക് ഒന്നും പോയിരുന്നില്ല. വിജിലൻസും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി ഗ്യാനേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കുന്നത്. 2007 ൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും തുറക്കുന്നത്.



