KeralaNews

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം തുടരും, 900 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി

രാജ്യത്താകെ വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്.

സംസ്ഥാനത്തിന്‍റെ ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടുമില്ല. ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അറിയിപ്പ്. നേരത്തെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റിപ്പോട്ടർ ടി വിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പറയാൻ ഉള്ളത്. അത് നിങ്ങൾ എല്ലാരും കേട്ടതാണെന്നും മന്ത്രി വിവരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button