KeralaNews

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരാൻ സാധ്യത

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരാന്‍ പോകുന്നു എന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റുപേ ഡെബിറ്റ് കാര്‍ഡുകളെയും 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകളെയും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളായി തരംതിരിച്ചിട്ടുണ്ട്. ഈ മാര്‍ഗങ്ങളിലൂടെ പണം അയക്കുന്നവരില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ ബാങ്കുകള്‍ക്കോ സിസ്റ്റം പ്രൊവൈഡര്‍മാര്‍ക്കോ അവകാശമില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പേയ്‌മെന്റ് ആന്റ് സിസ്റ്റംസ് ആക്ട് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 10എ അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും മാത്രമേ എംഡിആര്‍ അടക്കമുള്ള ചാര്‍ജുകള്‍ ബാധകമാകാതിരിക്കൂ. അതിന് മുകളില്‍ ഉള്ളവയ്ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് വിജ്ഞാപനം എന്ന തരത്തിലാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. എന്നാല്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്ന രീതി, നിരക്ക്, ഇളവുകള്‍ തുടങ്ങിയവ വരാനിരിക്കുന്ന വിജ്ഞാപനങ്ങളില്‍ നിന്ന് മാത്രമേ വ്യക്തത വരികയുള്ളൂ.

2000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാര്‍ജ് വരുമോയെന്നും വ്യക്തമല്ല. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഉണ്ടായിരിക്കില്ല. വ്യക്തികള്‍ വ്യാപാരികള്‍ക്കും ബിസിനസുകള്‍ക്കും അയക്കുന്ന പണമിടപാടാണ് പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് ഇടപാട്. 2019 വരെ ഓരോ പി2എം ഇടപാടിന്റെയും 0.3 ശതമാനം വരെ തുകയായിരുന്നു എംഡിആര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എംഡിആര്‍ ഉണ്ടെങ്കിലും 2020 ജനുവരി മുതലാണ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ നിര്‍ത്തിവെച്ചത്. എംഡിആര്‍ തിരികെ കൊണ്ടുവരുന്നതിനായാണ് ഒരു മാസം മുന്‍പ് പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്തിയത് എന്നാണ് ആരോപണം. മുന്‍പ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും ചാര്‍ജ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം അനുസരിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സീറോ ചാര്‍ജ് പരിരക്ഷ ലഭിക്കുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button