തിരുവനന്തപുരത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തി റിബൺ മുറിച്ചുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു.