KeralaNews

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാരിനും ഇഡിക്കും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി!

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്‌സ്മെന്റ് ഡയറക്ടറടേറ്റിക്കും (ഇഡി) ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഒൻപതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാരും ഇഡിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

കേസിൽ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക തീരുമാനം. മറ്റ് പ്രതികൾക്ക് ബാധകമാക്കിയ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് ഹരീഷ് കുമാറിനും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂട്ടർ ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിംഗിൾ ബെഞ്ച് എത്തിയത്.

എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടത്തി പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിലാണ് ഒമ്പതാം പ്രതിയായ ഹരീഷിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ മെയ് 27-നാണ് സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. ഇതിനു പിന്നാലെ ഇഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച പാർട്ടി പ്രവർത്തകർ വീടിനുമുന്നിൽ തടിച്ചുകൂടുകയും റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകർക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button