Cultural ActivitiesKeralaNational

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുത് – ഡോ. ടി. പി. ശങ്കരൻകുട്ടി നായർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു

ആദ്യമായി ഒരു ഏഷ്യൻ രാജ്യം യൂറോപ്യൻ ശക്തിയെ അടിയറവ് പറയിച്ച കുളച്ചൽ യുദ്ധ വിജയത്തിൻ്റെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു തണൽക്കൂട്ടം കൾച്ചർ ഹെറിറ്റേജ് സൊസൈറ്റി , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ സെമിനാറിൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു.

മലബാറിൽ നിന്ന് തിരുവിതാംകൂറിൽ അഭയം തേടിയ രാജാക്കന്മാരും മറ്റും സമ്മാനമായി നൽകിയതും സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ ലഭിച്ചതും കരം പിരിച്ചെടുത്തതും മറ്റും ചേർന്നതാണ് ഈ അമൂല്യവസ്തുക്കളും സ്വർണ്ണാഭരണങ്ങളും മറ്റും. 1936 നുശേഷം മാത്രമേ ക്ഷേത്രത്തിന് എല്ലാ ഹൈന്ദവജനവിഭാഗങ്ങളുടേയും കാണിക്ക ലഭിച്ചിട്ടുള്ളൂ. ഇതെല്ലാം അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളതാണ്. അതുകൊണ്ടു തന്നെ ക്ഷേത്രനിധിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാനു ലഭിച്ച സ്വർണ്ണവളയും ടഗോറിന്റെ നൊബേൽ പുരസ്കാരവും മോഷണം പോയ നാടാണ് നമ്മുടേതെന്നോർക്കണമെന്നും ശങ്കരൻകുട്ടി നായർ കൂട്ടിച്ചേർത്തു.

യൂറോപ്യൻ അധിനിവേശശക്തിയെ പരാജയപ്പെടുത്തുകയും തുടർന്ന് യുദ്ധസമ്പ്രദായത്തിലുൾപ്പെടെ യൂറോപ്യൻ രീതികൾ പിന്തുടരുകയും ചെയ്ത ക്രാന്തദർശിയായിരുന്നു മാർത്താണ്ഡവർമ്മയെന്ന് ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം പറഞ്ഞു. ആ ചരിത്രം ഇവിടെ വേണ്ട വിധം വായിക്കപ്പെട്ടിട്ടില്ല.

കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമായതോടെ നമ്മുടെ നാടിന്റെ സാംസ്കാരിക ശകലമാണ് അന്യാധീനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങൾ എന്തു തന്നെയായാലും തൻ്റെ അധികാരമുറപ്പിക്കാൻ വിഘാതമായവരെ മുഴുവൻ കൊന്നു തള്ളിയ മാർത്താണ്ഡവർമ്മയെ, അതേ സമയം തിരുവിതാംകൂർ രാജ്യത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കിയ രാജ്യതന്ത്രജ്ഞനെ, എങ്ങനെയാണ് കാലം വിലയിരുത്തേണ്ടതെന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യം മുഴക്കമേറിയതായിരുന്നു. മൂർത്തമായ ചില സാഹചര്യങ്ങളിൽ കഠിനമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാവുന്ന ഭരണാധികാരികൾ ചെയ്യുന്ന കാര്യങ്ങളാണ് മാർത്താണ്ഡവർമ്മ ചെയ്തതെന്നും അതൊരു അനിവാര്യതയായിരുന്നുവെന്നും മലയാള മനോരമ എഡിറ്റർ ആർ ശശിശേഖർ മറുപടി പറഞ്ഞു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മീരാ ജോർജ് അധ്യക്ഷയായി. എസ് ആർ സഞ്ജീവ് ഭരതൻ , ഡോ. എൻ ജി. ബാലചന്ദ്രനാഥ് , ശംഭു മോഹൻ , ഫാ. തോമസ് കയ്യാലക്കൽ, ഫാ.. ഗീവർഗീസ് ചാങ്ങ വീട്ടിൽ, ചരിത്ര വിഭാഗം മേധാവി ഡോ. അവിനാഷ് സൈമൺ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button