കോവളം സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം: കോവളം സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ 51 തുറകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരദേശ സാഹിത്യയാത്രയ്ക്ക് കോവളത്തെ ആവാടുതുറയിൽ തുടക്കം കുറിച്ചു.
കോവളം കവികൾ സ്മാരക സമിതി 2027 നവംബറിൽ കോവളത്ത് സംഘടിപ്പിക്കുന്ന കോവളം കവികൾ സാഹിത്യോത്സവത്തോനോടനുബന്ധിച്ചാണ് തീരദേശത്തെ തുറകളിലൂടെ സാഹിത്യയാത്ര സംഘടിപ്പിക്കുന്നത്.
കോവളം കവികളുടെ അവാടുതുറയിലെ സ്‌മാരകത്തിൽ കഥാകൃത്ത് മധുപാൽ തുറകളിലൂടെയുള്ള സാഹിത്യയാത്ര ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 51 തുറകളിലും അതാത് തീരപ്രദേശത്തെ ലൈബ്രറികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരുമായി സഹകരിച്ചാണ് സാഹിത്യയാത്രയും സാഹിത്യസംഗമവും സംഘടിപ്പിക്കുന്നത്.

കോവളം മഹാകവികളെയും അവരുടെ മഹാകാവ്യങ്ങളെയും കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരെ അണിനിരത്തിയാണ് കോവളം കവികൾ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇതിന് “തുറ” എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ സമാപനമായാണ് അടുത്ത വർഷം നവംബറിൽ സാഹിത്യോത്സവം നടത്തുന്നത്. കെ വി മോഹൻ കുമാർ ഐ എ എസ് ആണ് ഫെസ്റ്റിവൽ ഡയറക്ടർ, അജിത് വെണ്ണിയൂർ കൺവീനറായും വിനോദ് വൈശാഖി ചെയർമാനായും 30 പേരടങ്ങുന്ന സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
കോവളം കവികളായ അയ്യിപ്പിള്ള ആശാനും സഹോദരൻ അയ്യനപ്പിള്ള ആശാനും
എഴുത്തച്ഛന് മുമ്പ് 14 -ാം നൂറ്റാണ്ടിൽ കോവളത്തെ ആവാടുതുറ(ലൈറ്റ് ഹൗസ് ബീച്ച് ) യിൽ ജീവിച്ചിരുന്ന മഹാകവികളാണ്. മഹാകവി അയ്യിപ്പിള്ള ആശാൻ്റെ രാമകഥപ്പാട്ടും സഹോദരൻ അയ്യനപ്പിള്ള ആശാൻ്റെ ഭാരതംപാട്ടും പാട്ടു പ്രസ്ഥാനത്തിൻ്റെ നിർണ്ണായക സന്ധിയെ അടയാളപ്പെടുത്തുന്ന കൃതികളാണ്.
ചന്ദ്രവളയം കൊട്ടി പാടിയ രാമകഥപ്പാട്ടിൻ്റെ തനത് താളം പുതിയ തലമുറക്ക് പകർന്ന് നൽകുന്നതിനും കോവളം കൃതികൾക്ക് കൂടുതൽ പ്രചാരം നൽകുന്ന സംരംഭത്തിനുമാണ് കോവളം കവികൾ സ്മാരക സമിതി നേതൃത്വം നൽകുന്നത്.
കടൽ തൊഴിലാളികളും അവരുടെ ജീവിതവും അവതരിപ്പിക്കുന്ന കൃതികൾ സാഹിത്യ യാത്രകളിൽ ചർച്ച ചെയ്യപ്പെടും. പുതിയ തുറ കടൽപ്പാട്ട് സംഘത്തിൻ്റെ ഉൾപ്പെടെയുള്ളവ അർക്ക്വെെവ് ചെയ്യും. സാഹിത്യോത്സവത്തിൻ്റെ ഭാഗമായി തീരദേശ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കും.



