KeralaNews

വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിന്റെ ഫോൺ സ്റ്റേറ്റ് എഫ് എസ് എല്ലിലേക്ക് അയക്കാനുള്ള നടപടി എസ് ഐ ടി ആരംഭിച്ചു.

കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്ഐടി കണ്ടെത്തല്‍. ശേഷം സ്‌ക്രീന്‍ഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നുമാണ് എസ്‌ഐടി നിഗമനം. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ അല്ലെന്നും സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്നും എസ്‌ഐടി സംശയിക്കുന്നു. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം.

ജിതിന്‍ തന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്ഐടി നീക്കം. നിലവില്‍ ഫോണ്‍ കോടതിയിലാണുള്ളത്. ഫോണ്‍ തുടര്‍ പരിശോധനയ്ക്കയക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തി. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button