
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ പറയുന്നു. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും പ്രവർത്തന രഹിതമാണ്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി സിബിഎസ്ഇ അറിയിച്ചു. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിശോധിക്കുമെന്നും സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.
പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.



