
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 21 അംഗങ്ങളും ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തി. അയൽസംസ്ഥാന മുഖ്യമന്ത്രിമാർ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും വേദിയിലെത്തി.
പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കൾ, വിവിധ മതമേലധ്യക്ഷന്മാർ എന്നിവരും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് മുന്നണി അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ ഒരു ലക്ഷത്തോളം പ്രവർത്തകരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. സെൻട്രൽ സ്റ്റേഡിയവും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു.



