KeralaNews

ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണക്കുകൡ പൊരുത്തക്കേടുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപയാണ്. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.അയ്യപ്പ സംഗമത്തിനായി തനതു ഫണ്ട് വിനിയോഗിക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് പണം ലഭിക്കുമ്പോള്‍ ആ തുക തിരികെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button