
ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം.
മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു. സമാനതകൾ ഇല്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകൾ ഇല്ലാത്ത പ്രതിഷേധം ഉണ്ടാവും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ല.
അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ പ്രതിഷേധിച്ചത്. കടകംപള്ളിയും പോറ്റിയും ഉള്ള ഫോട്ടോയും പോസ്റ്ററിലുണ്ടായിരുന്നു.



