
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു.
സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്‌ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ഫോടക വസ്തു എറിഞ്ഞത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ യുഡിഎഫ് കടുത്ത പ്രതിഷേധത്തിലാണ്. നാളെ മുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് ഇന്ന് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി, രാഷ്ട്രീയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധൃതി പിടിച്ച് പൊലീസ് അറസ്റ്റിലേക്ക് കടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.