
ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ് കാര്‍ത്തിക് മാപ്പ് പറഞ്ഞിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു കാര്‍ത്തിക്കിന്റെ നിലപാട്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ത്തിക് യൂടേണ്‍ അടിക്കുകയായിരുന്നു. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നു. ഗൗരി തെറ്റിദ്ധരിച്ചതാണ്. അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും കാര്‍ത്തിക് പറയുന്നു. അതേസമയം തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് അംഗീകരിക്കാന്‍ കാര്‍ത്തിക് ഇപ്പോഴും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
”ഞാന്‍ ഒരു തരത്തില്‍ ചോദിച്ചു. അവര്‍ അത് മറ്റൊരു തരത്തില്‍ എടുക്കുകയും എന്നെ വിഡ്ഢിയെന്നും സെന്‍സില്ലാത്തവന്‍ എന്നും വിളിച്ചു. അതിനാല്‍ അടുത്ത പ്രസ് മീറ്റില്‍ ചോദ്യം ചെയ്യേണ്ടി വന്നു. ആ പെണ്‍കുട്ടിയെ ഞാന്‍ ബോഡി ഷെയിം ചെയ്തിട്ടില്ല. നായകനോട് അവരെ എടുത്തുയര്‍ത്തിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശ ചോദ്യമായിരുന്നു. എന്നാല്‍ ഗൗരി തെറ്റിദ്ധരിച്ചു. അവരെയത് മാനസികമായി വിഷമിപ്പിച്ചുവെന്ന് മനസിലാക്കുന്നു” എന്നാണ് കാര്‍ത്തിക് പുതിയ വിഡിയോയില്‍ പറയുന്നത്.
”ആരേയും ലക്ഷ്യമിടണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അവര്‍ ഇന്ന് ട്വീറ്റ് ചെയ്തത് കണ്ടു. എനിക്കും അവരെ വിഷമിപ്പിക്കണം എന്ന ഉദ്ദേശമില്ല. ഈ സംഭവം മൂലം അവര്‍ക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍, എല്ലാവരും അവര്‍ക്ക് പിന്തുണയറിയിക്കുമ്പോള്‍ ഞാനും ഇറങ്ങി വരണമെന്നത് മനസിലാക്കുന്നു, എന്റെ ഖേദം അറിയിക്കുന്നു” എന്നാണ് യൂട്യൂബര്‍ പറയുന്നത്. ”എന്റെ ചോദ്യത്തില്‍ ബോഡി ഷെയ്മിങ് ഇല്ല. നടിയെ നടന്‍ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനേയും മോദിയേയും കുറിച്ച് നടിയോട് ചോദിക്കണമോ? ആ നടിയ്ക്ക് മാര്‍ക്കറ്റ് ഇല്ല. മാര്‍ക്കറ്റ് വാല്യു ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാന്‍ വേണ്ടിയുമാണ് ഈ വിഷയത്തെ വലുതാക്കുന്നത്.” എന്നായിരുന്നു പത്രസമ്മേളനത്തില്‍ കാര്‍ത്തിക് പറഞ്ഞത്.

