
നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.
ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
സംസ്ഥാനത്ത് ബിജെപി ഏറെ വിജയസാധ്യത കണക്കാക്കുന്ന, എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതില്‍ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി 35 ശതമാനം വോട്ടു വിഹിതം നേടിയിരുന്നു. അന്ന് മെട്രോമാന് ഇ ശ്രീധരന് 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.



