
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര പ്രസിദ്ധമായ പട്ടണമാണ് ഹംപി .
പതിമൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു മഹാ സാമ്പ്രാജ്യമായിരുന്നു വിജയനഗരം. തുംഗഭദ്ര നദിക്കരയിലായി ലോകശ്രദ്ധ നേടിയിരുന്ന വൻ വാണിജ്യനഗരം കാലഗതിയിൽ നശിപ്പിക്കപ്പെടുകയോ നശിച്ചു പോവുകയോ ചെയ്തു .എന്നാൽ ഒന്നിനാലും നശിപ്പിക്കപ്പെടാനാവാത്ത ആയിരത്തി അറുന്നൂറോളം സ്മാരകങ്ങൾ ഇന്നും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കുന്നു .
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും ശക്തവുമായ ഒരു സാമ്പ്രാജ്യമെന്ന നിലയിൽ മാത്രമല്ല വിജയനഗരം അറിയപ്പെടുന്നത് ,സംസ്‌കാരത്തിന്റെയും ,സമ്പന്നതയുടെയും വിളനിലം അഭൂതപൂർവ്വമായ ശില്പചാതുരിയുടെ കലവറ , നിർമ്മാണ വൈദഗ്ധ്യത്തിൻറെ മുന്നിടം ,എല്ലാ നിലയിലും മികച്ച സംവിധാനങ്ങളോടു കൂടിയ ഒരു തലസ്ഥാനനഗരി ,വിദ്യകൊണ്ടും ധനം കൊണ്ടും ലോകശ്രദ്ധയാകർഷിച്ച നഗരം , എണ്ണിയാലൊടുങ്ങാത്ത വൈശിഷ്ട്യങ്ങളാൽ ചരിത്രം വണങ്ങിയ ഭൂമികക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട് … രാമായണത്തിലെ കിഷ്കിന്ധ യാണ് വിജയനഗര സാമ്പ്രാജ്യ തലസ്ഥാനമായിരുന്ന ഹംപി .

പൊതുവെ ,പാറക്കെട്ടുകൾ നിറഞ്ഞ ഭൂമികയാണ് ഹംപിയെന്ന് ഒറ്റനോട്ടത്തിലറിയാം . 4100 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്നു ഹംപിയിലെ ചരിത്രശേഷിപ്പുകൾ .യുനെസ്കോയുടെ വാക്കുകളിൽ അതിഗംഭീരമായ ഭൂമിക , ചരിത്ര സ്മാരകങ്ങൾ ,ക്ഷേത്രങ്ങൾ കൊട്ടാരക്കെട്ടുകൾ , ക്യുൻസ് ബാത്ത് എന്ന അതിവിശാലവും നിർമ്മാണവൈദഗ്ധ്യം വിളിച്ചോതുന്നതുമായ കുളിമുറി , ഉള്ളിൽ വലിയൊരു തടാകം , വശങ്ങളിൽ ഉയരമുള്ള ഭിത്തികൾക്ക് മുകളിൽ തോഴിമാർ നൃത്തം ചെയ്യുന്ന ടെറസ്സ്, കുളത്തിലാകട്ടെ നദിയിൽ ജലമെത്തിക്കാനും അശുദ്ധജലം ഒഴുക്കിക്കളയാനുമുള്ള സംവിധാനങ്ങൾ , ചന്ദനവും റോസാപ്പൂക്കളും കൊണ്ട് സുഗന്ധപൂരിതമാക്കാനുള്ള സംവിധാങ്ങൾ ,കുളത്തിനു ചുറ്റും വിശാലമായ വരാന്തകൾ ,കുളത്തിലിറങ്ങാൻ പടവുക… അതും കരിങ്കല്ലിൽ പടുത്തത് .

നിരവധി മണ്ഡപങ്ങളുണ്ട് . ജലവാഹിനികളായ പാറയിൽ കൊത്തിയെടുത്ത ഓവുകൾ കൽത്തൂണുകളിൽ സ്ഥാപിച്ചിരിക്കുന്നു .പതിമൂന്നാം നൂറ്റാണ്ടിൽ എത്രമാത്രം സാങ്കേതികവിദ്യകളുണ്ടായിരുന്നെന്നു നമുക്കറിയാം .ആനകളായിരുന്നു പാറകൾ വലിച്ചുകൊണ്ടുവന്നത് ..
1336 മുതൽ 1565 വരെ ഭരിച്ചിരുന്ന വിജയനഗരരാജാക്കന്മാർ നിർമ്മിച്ചവയാണ് ഇന്ന് തകർന്ന നിലയിൽ പൈതൃകമായി ശേഷിക്കുന്നത് .കോട്ടകളാൽ ചുറ്റപ്പെട്ട വിജയനഗരം ബെയ്‌ജിങ് കഴിഞ്ഞാൽ അടുത്ത സ്ഥാനത്തായിരുന്നു അതായതു ലോകത്തെ രണ്ടാമത്തെ വൻനഗരം .
വാണിജ്യവും വിജ്ഞാനവും കലയും സാഹിത്യവും ഒരുപോലെ സമ്മേളിച്ചിരുന്ന വിജയനഗരം ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ പൈതൃകസമ്പത്തായി കണ്ടെത്താൻ കഴിഞ്ഞത് ഇന്ത്യചരിത്രത്തിലെ തന്നെ നിർണ്ണായക മുഹൂർത്തമായിരിക്കും
വിരൂപാക്ഷ ടെംപിൾ .
തുംഗഭദ്ര നദിയുടെ കരയിൽ സ്ഥിതിചെയ്യുന്നതും ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതുമായ ഈ ശിവക്ഷേത്രം നിർമ്മിച്ചത് പ്രൗഢ ദേവരായ അഥവാ ദേവരായ രാജാവിൻറെ ഭരണകാലത്താണ് .പമ്പാപതി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രനിർമ്മാണം നടന്നത് .അന്ന് .ചെറിയ ക്ഷേത്രമായിരുന്നത് പിൽക്കാലത്തു പുതുക്കിപ്പണിയുകയും വിജയനഗര സാമ്പ്രാജ്യത്തിൻറെ മുഖ്യ ആരാധനാ കേന്ദ്രമായി വളരുകയും ചെയ്തത് ചാലൂക്യ രാജഭരണകാലത്തും ഹൊയ്‌സാല ഭരണകാലത്തുമാണ്
പിൽക്കാലത്തുണ്ടായ ആക്രമണങ്ങളെയെല്ലാം അതിജീവിച്ചും ആരാധനാ മുടങ്ങാതെയും നിലകൊള്ളുന്നു ഹംപിയിലെ പ്രസിദ്ധമായ വിരൂപാക്ഷ ക്ഷേത്രം .മിനുക്കുപണികളിൽ ,നഷ്ടപ്പെട്ട , പ്രൗഢി വീണ്ടെടുക്കുന്നത് ശ്ലാഘനീയം .കമാനങ്ങളും കൽത്തൂണുകളും വിശാലമായ മണ്ഡപങ്ങളും ക്ഷേത്രത്തിൻറെ സവിശേഷതകളാണ് .

ഹംപി നിരവധി ക്ഷേത്രങ്ങളാലും കൊട്ടാരങ്ങളാലും വൈശിഷ്ട്യമാർന്ന നിർമ്മിതികളാലും ഇന്നും ഏറെ ശ്രദ്ധേയമാണ് . നിർമ്മാണത്തിൽ മാത്രമല്ല , മുൻപുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ പുനർനവീകരണത്തിലും വിജയ നഗര രാജാക്കന്മാർ വളരെ ശ്രദ്ധിച്ചിരുന്നു .ബാലകൃഷ്ണ ക്ഷേത്രവും രഘുനാഥ ക്ഷേത്രവും വിരൂപാക്ഷ ക്ഷേത്രഗോപുരങ്ങളുമെല്ലാം വാസ്തുകലയുടെ ഉത്തമോദാഹരണങ്ങളാണ് .