KeralaNews

കുറ്റിയാട്ടൂര്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം, യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലെ ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം. ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജീഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജീഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് അടുക്കളയില്‍ നിന്നും പെട്രോളൊഴിച്ച് തീകൊളുത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലിസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആദ്യം പ്രവീണയും പിന്നീട് ജിജീഷും അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

പരിചയക്കാരായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിനിടെ തടയാന്‍ ശ്രമിച്ച പ്രവീണയുടെ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ജിജീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഭര്‍തൃമതിയായ പ്രവീണയ്ക്ക് ഒരു മകളുണ്ട്. ഇവരുടെ ഭര്‍ത്താവ് അജീഷ് ഏറെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ്. നേരത്തെ പെരുവളത്ത് പറമ്പിലെ സ്‌കൂളില്‍ പഠിച്ച പരിചയം ഒരേ നാട്ടുകാരായ ഇരുവരും തമ്മിലുണ്ട്. പിന്നീടാന്ന് സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദമുണ്ടാകുന്നത്. ഒരേ കാലഘട്ടത്തില്‍ പഠിച്ചവരായതുകൊണ്ടു സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ഇരുവരും കുടുംബ പരമായി പരസ്പരം അറിയുന്നവരാണ്. സംഭവദിവസം പ്രവീണയും കുടുംബവും താമസിക്കുന്ന വാടകവീട്ടില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ബൈക്കിലെത്തിയ ജിജീഷ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറുകയും പ്രവീണ അടുക്കളയിലേക്ക് കയറിപ്പോള്‍ പിന്നാലെയെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

ഈ സമയം പ്രവീണയുടെ ഭര്‍തൃ പിതാവും ഭര്‍ത്താവിന്റെ സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലിസ് ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. നേരത്തെ സൗഹൃദമുണ്ടായിരുന്ന ഇരുവരും പിന്നീട് അകന്നതാണ് ജിജി ഷിന് വൈരാഗ്യമുണ്ടാകാന്‍ കാരണമായത്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ജീവനക്കാരനാണ് ജിജീഷ്. ഗുരുതരമായി പൊള്ളലേറ്റ യുവതി കഴിഞ്ഞ ദിവസം ചികിത്സയ്ക്കിടെ മരണമടഞ്ഞിരുന്നു. ഇതിനു ശേഷമാണ് ജിജിഷും മരണമടയുന്നത്.

സംഭവത്തില്‍ കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ജിജിഷും മരിക്കുന്നത്. ജിജീഷിന്റെ മൊബൈല്‍ ഫോണ്‍ കാള്‍ – വാട്‌സ്ആപ്പ് നമ്പറുകള്‍ സംഭവം നടക്കുന്നതിന് മുന്‍പ് ഒരാഴ്ച്ച മുന്‍പ് പ്രവീണ ബ്ലോക്ക് ചെയ്തിരുന്നു. ജിജീഷിന്റെ ഇടപെടലുകളില്‍ അസ്വാഭാവികതയുണ്ടായതിനെ തുടര്‍ന്നാണ് ഭര്‍തൃമതിയായ യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്‍വലിഞ്ഞത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അക്രമം നടന്ന വീടിന് സമീപത്തെ പ്രദേശവാസികളില്‍ നിന്നും ഇരുവരുടെയും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവര പ്രകാരം ബൈക്കില്‍ വീടിന് സമീപത്ത് പെട്രോള്‍ കുപ്പിയുമായി എത്തിയ ജിജീഷ് വീട്ടിലേക്ക് കയറി ആക്രമം നടത്തുകയായിരുന്നുവെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button