
സംസ്ഥാനത്ത് ചൂട് കടുത്തതോടെ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ജോലി സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്, വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ സഫ്ന നസറുദീന്‍ ഉത്തരവിട്ടു.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ / ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫിസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.



