KeralaNews

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button