
പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞദിവസം പി ബിയ്ക്ക് മുന്നിൽവെച്ചിരുന്നു. തിരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും പ്രതിപക്ഷ നേതാവിന്റെ കാര്യം പരിഗണിക്കുക. തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ ഈ മാസം 22ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാകും നടക്കുക.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇന്നലെ യോഗത്തിൽ ചർച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഇന്നലെ വ്യക്തമാക്കിയത്. കേരളത്തിലേത് വലിയ തോൽവി ആണെന്നതിൽ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



