
വയനാട്ടിലെ കടുവ ആക്രമണത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിഷേധം പ്രകോപനത്തിലേക്ക് മാറരുതെന്നും മന്ത്രി അഭ്യർഥിച്ചു. മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിന്ന് മാത്രമേ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് ജോലി നൽകുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലുണ്ട്. വിഷയത്തിൽ ഡി എഫ് ഓയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നരഭോജിയായ കടുവയെ പിടികൂടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട് വെച്ച് പിടിക്കാൻ സാധിച്ചില്ലെങ്കിൽ മയക്ക് വെടിവയ്ക്കും. കളക്ടർ സ്ഥലത്തെത്തതിന്റെ കാരണം തെരഞ്ഞെടുപ്പ് തിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തില്‍ ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ മാരന് (70) എന്ന വയോധികന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാരന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്.


