
വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും കള്ളക്കുറിച്ചി ജില്ല കലക്ടറുമായ ജെ.ഇ. പത്മജയ്ക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ടി.വി.കെ എം.എൽ.എ സി. അരുൾ വിഘ്നേഷ് അറസ്റ്റിൽ. ജെ.ഇ. പത്മജയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്തു എന്ന പരാതിയിൽ സി. അരുൾ വിഘ്നേഷിനെതിരെ തമിഴ്നാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ജില്ല പൊലീസ് സൂപ്രണ്ടിന് കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എം.എൽ.എ തന്നോട് മോശമായി പെരുമാറിയെന്നും വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച് നിരന്തരം ശല്യം ചെയ്തെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
കൂടാതെ, തന്റെ ഔദ്യോഗിക വസതിയിലേക്ക് എം.എൽ.എ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായും കലക്ടർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നവംബർ 23നാണ് കലക്ടർ കള്ളക്കുറിച്ചി ജില്ല പൊലീസ് മേധാവി ഷഹനാസ് ഐക്ക് ഔദ്യോഗികമായി പരാതി നൽകിയത്. തുടർന്ന് കള്ളക്കുറിച്ചി വനിതാ പൊലീസ് എം.എൽ.എക്കെതിരെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
പൊതുപരിപാടികൾക്കിടെ ശാരീരികമായി സ്പർശിക്കാൻ ശ്രമിച്ചതായും വസ്ത്രധാരണത്തെയും രൂപത്തെയും കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതായും വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങളയച്ചതായുമാണ് എം.എൽ.എക്കെതിരെയുള്ള ആരോപണങ്ങൾ. കൂടാതെ, രാത്രികാലങ്ങളിൽ കലക്ടറുടെ ഔദ്യോഗിക വസതിയിലെത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ഡി.എം.കെ എം.പി കനിമൊഴി കരുണാനിധിയാണ് ഈ വിഷയം ആദ്യം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നത്. ഇതോടെ എം.എൽ.എക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിഷയത്തിൽ ഇടപെട്ട മദ്രാസ് ഹൈക്കോടതി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് തിരുപ്പൂർ എസ്.പി സൃഷ്ടി സിങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥയായും, ഐ.ജി എൻ. കാമിനിയെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിലും നിയമിച്ചു. നവംബർ 23ന് ചീഫ് സെക്രട്ടറി എം. സായ് കുമാറിനും കലക്ടർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം (പോഷ് ആക്ട്) അന്വേഷണം നടത്താൻ തമിഴ്നാട് സർക്കാർ നാലംഗ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) രൂപം നൽകിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി കാകർല ഉഷ അധ്യക്ഷയായ സമിതിയിൽ ഭിന്നശേഷി ക്ഷേമ വകുപ്പ് സെക്രട്ടറി എസ്. മധുമതി, നിയമ സെക്രട്ടറി പി. സുമതി, സന്നദ്ധ സംഘടനാ പ്രതിനിധി സുനിത ജോ എന്നിവരാണ് മറ്റ് അംഗങ്ങൾ. 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി ഉചിതമായ നടപടിക്ക് ശിപാർശ ചെയ്യാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു അരുൾ വിഘ്നേഷിന്റെ മുൻപുള്ള പ്രതികരണം. തന്റെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.



