KeralaNews

തൃശൂര്‍ പൂരം കലക്കല്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം അതീവരഹസ്യമായി സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം അലങ്കോലപ്പെടുന്ന സമയത്ത് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്.

സംഭവത്തില്‍ അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിക്കെതിരെ സിപിഐയും തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘപരിവാറിന്റെ ഗൂഢാലോചന പൂരം കലക്കലിന് പിന്നില്‍ ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നാണ് വി എസ് സുനില്‍കുമാര്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് സൂചന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button