KeralaNews

എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം

ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമായി.

എന്‍ഡിഎയുമായുള്ള ദേശീയ നേതൃത്വത്തിൻ്റെ ബന്ധം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എല്‍ഡിഎഫിന് അത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്‍ഡിഎയുമായി ഒരു ബന്ധവും എന്‍സിപി എന്ന തങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. എന്‍സിപി മതേതര പാര്‍ട്ടിയാണെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.ഇതിനിടെ എ കെ ശശീന്ദ്രൻ ചതിച്ചെന്ന ആരോപണവുമായി പി സി ചാക്കോ വിഭാ​ഗം നേതാവ് പി എം സുരേഷ് ബാബു രം​ഗത്തെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രൻ ചതിച്ചുവെന്നും എൻസിപി പിളർ‌പ്പിന് പിന്നിൽ കളിച്ചത് എ കെ ശശീന്ദ്രനാണെന്നും പി എം സുരേഷ് ബാബു കുറ്റപ്പെടുത്തി. മറ്റുള്ളവർ കുഞ്ഞാടുകളെപ്പോലെ കൂടെ പോയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

തന്നെ സംസ്ഥാന അധ്യക്ഷനാക്കി ഫോർമുല മുന്നോട്ടുവച്ചത് ശശീന്ദ്രനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യൻ താനാണെന്ന് ശശീന്ദ്രൻ പറഞ്ഞാതായും സുരേഷ് ബാബു വ്യക്തമാക്കി. കൂടെയുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിനായില്ല. ഉള്ളതെല്ലാം തനിക്കു വേണമെന്ന് നിലപാടാണ് ശശീന്ദ്രന്. എൻസിപി(എസ്) എൽഡിഎഫിൽ തന്നെ തുടരും മറുകണ്ടം ചാടില്ലെന്നും പിഎം സുരേഷ് ബാബു വ്യക്തമാക്കി. നൂലിൽ കെട്ടിയിറക്കിയത് തോമസ് കെ തോമസിനെയാണെനന്നും ജ്യേഷ്ഠൻ മരിച്ചതുകൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ ആയത് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയില്ല. എവിടുന്നൊക്കെയോ കേട്ട പദപ്രയോഗങ്ങളാണ് തോമസ് കെ തോമസ് ഉപയോഗിക്കുന്നത് എന്നും പി എം സുരേഷ് ബാബു കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button